ഇറാനിൽ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഖേഷം, ജാസ്ക്, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിനു പിന്നിൽ ആക്രമണമാണോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. ഇതിനിടെ ഇറാനിൽനിന്ന് മടങ്ങിയ കപ്പലിനെ ഒമാൻ കടലിൽ യുഎസ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഭീഷണികൾക്കിടയിലും രാജ്യം യുദ്ധസജ്ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. പുതിയ മിസൈൽ ശേഖരം അടുത്തയാഴ്ച വെളിപ്പെടുത്തുമെന്നും ഇറാൻ സൈന്യം അറിയിച്ചു.

ഇതിനിടെ ഇറാൻ്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് കോടി ഡോളർ പാരിതോഷികം നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇറാൻ്റെ ആണവപദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പക്കലില്ലെന്നാണ് റിപ്പോർട്ട്.

ആണവായുധം വികസിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടർന്നാണ് ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചത്. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് പുതിയ സ്ഫോടന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

Related Posts