ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ച കേസിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ഈ വർഷം ഏപ്രിലിൽ ഈസ്റ്റർ ദിനം പുലർച്ചെ സിഡ്നിയിൽ പൊലീസ് നടത്തിയ മിന്നൽ വാഹനപരിശോധനയ്ക്കിടെയാണ് വാർണർ പിടിയിലായത്. കേസിൽ ഓഗസ്റ്റ് 18ന് കോടതി ശിക്ഷ വിധിക്കും. കുറ്റം തെളിഞ്ഞാൽ ഒൻപത് മാസം വരെ തടവുശിക്ഷ ലഭിക്കാനോ, ആറുമാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ, 2,200 ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനോ സാധ്യതയുണ്ട്.
വഴിവക്കിൽ പരിശോധന നടത്തിയ പൊലീസ് ബ്രത്തലൈസർ പരിശോധനയിൽ വാർണർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ രക്തത്തിലെ മദ്യത്തിൻ്റെ അളവ് നിയമപരമായി അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികമാണെന്ന് വ്യക്തമായതോടെയാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്.
സിഡ്നി കോടതിയിൽ വാർണറിന് പകരം ഹാജരായ അഭിഭാഷകൻ കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ച സാഹചര്യത്തിൽ വാഹനം ഓടിച്ചത് ഗുരുതരമായ തെറ്റായിരുന്നുവെന്നും അന്ന് ടാക്സിയോ ഊബറോ ഉപയോഗിച്ചിരുന്നെങ്കിൽ മതിയായിരുന്നു എന്നും വാർണർ ഖേദം പ്രകടിപ്പിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.