എച്ച്എസ്ആർ ലേഔട്ടിൽ റോഡ് നവീകരണത്തിൻ്റെ ഭാഗമായി 60 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 14-ാം മെയിൻ റോഡ് ജങ്ഷൻ മുതൽ ഓട്ടോ മാർട്ട് ജങ്ഷൻ വരെയുള്ള ഔട്ടർ റിങ് റോഡിനോട് ചേർന്ന ഭാഗത്താണ് നിയന്ത്രണം. നവംബർ 8 മുതൽ വൈറ്റ് ടോപ്പിങ് ജോലികൾക്കായി റോഡിന്റെ ഒരു വശം അടച്ചിടുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. എച്ച്എസ്ആർ ലേഔട്ടിൽനിന്ന് ഔട്ടർ റിങ് റോഡിലേക്കും അഗര ഭാഗത്തേക്കും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് നിയന്ത്രണം മൂലം കാലതാമസമുണ്ടാകാം. പ്രത്യേകിച്ച് ഓഫീസ് സമയങ്ങളിലും തിരക്കേറിയ സമയങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.
നിർദേശിച്ചിരിക്കുന്ന പകരം വഴികൾ
- അഗര ജങ്ഷൻ വഴി യാത്ര ചെയ്യുന്നവർ പകരം റോഡുകൾ ഉപയോഗിക്കണം.
- 19-ാം മെയിൻ റോഡ് വഴി ഗതാഗതം തിരിച്ചുവിടും.
- സിൽക്ക് ബോർഡ് ജങ്ഷൻ ഭാഗത്തേക്കുള്ള യാത്രക്കാർ ഗതാഗത പൊലീസിൻ്റെ നിർദേശങ്ങൾ പാലിക്കണം.
- റോഡിലെ താൽക്കാലിക സൂചനാ ബോർഡുകൾ ശ്രദ്ധിക്കണം.
സാധാരണ ടാർ റോഡുകളെ അപേക്ഷിച്ച് കൂടുതൽ ഈടുനിൽക്കുന്ന കോൺക്രീറ്റ് റോഡുകളാണ് വൈറ്റ് ടോപ്പിങ്ങിലൂടെ നിർമിക്കുന്നത്. റോഡിൻ്റെ അറ്റകുറ്റപ്പണികൾ ആവർത്തിക്കേണ്ട സാഹചര്യം കുറയ്ക്കുകയും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.