ബെംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി മുഹമ്മദ് അനസ് (29) ആണ് പന്തളം പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. വർക്കലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി സാമുവൽ ക്ലബ്സൺ വോക്കാഫോറുമായി അനസിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് സാമുവലിനെ ഡൽഹിയിൽനിന്ന് പന്തളം പൊലീസ് പിടികൂടിയിരുന്നു.

സാമുവൽ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായതോടെ അനസ് ആദ്യം ഡൽഹിയിലേക്കും പിന്നീട് മണാലിയിലേക്കും കടന്നതായി പൊലീസ് പറയുന്നു. തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയ ഇയാൾ വർക്കലയിൽ ഒളിവിൽ കഴിയുകയായിരുന്നു. സിം കാർഡുകളും മൊബൈൽ ഫോണുകളും ഉപേക്ഷിച്ച് അന്വേഷണസംഘത്തെ വെട്ടിക്കാമെന്നായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts