കോഴിക്കോട് ഓമശ്ശേരിയിൽ വൻ ലഹരിവേട്ട. 41.61 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരി സ്വദേശികളായ ഷെരീഫ് (38), സി.കെ. സമീർ (38) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഡിജിറ്റൽ ത്രാസും ലഹരിമരുന്ന് പൊതിയാൻ ഉപയോഗിക്കുന്ന കവറുകളും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി റൂറൽ എസ്.പി. മെറിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇരുവരും ലഹരിമരുന്ന് വിൽപന നടത്തിവരികയായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ലഹരി വിൽപനയിലൂടെ ലഭിച്ച 1,77,000 രൂപയും പരിശോധനയിൽ കണ്ടെടുത്തു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വിലവരുമെന്നാണ് കണക്കാക്കുന്നത്.
പ്രദേശത്ത് വ്യാപകമായി ലഹരിമരുന്ന് വിൽപന നടത്തുന്നതായി പ്രതികൾക്കെതിരെ നാട്ടുകാർ നിരന്തരം പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.