മംഗളൂരു റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പാലക്കാട് ഡിവിഷന് കീഴിലെ ചില പ്രദേശങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ രംഗത്ത്. തിരുവോണദിനത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്താനാണ് എംപിമാരുടെ തീരുമാനം.
എംപിമാർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധ പരിപാടി സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. തിരുവോണദിനത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. യുഡിഎഫിലെ മുഴുവൻ എംപിമാരും സത്യഗ്രഹത്തിൽ പങ്കെടുക്കും.
പാലക്കാട് ഡിവിഷനിലെ മംഗളൂരു ഉൾപ്പെടെയുള്ള മേഖലകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷനോട് കേന്ദ്രസർക്കാർ തുടർച്ചയായി അവഗണന കാണിക്കുകയാണെന്ന് എംപിമാർ ആരോപിച്ചു. ഡിവിഷൻ്റെ നിലവിലെ പരിധിയിൽ മാറ്റം വരുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും യോഗത്തിൽ എംപിമാർ വ്യക്തമാക്കി.
പാലക്കാട് ഡിവിഷൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മാറ്റാനുള്ള നീക്കം തടയുന്നതിനുമായി ശക്തമായ പ്രതിഷേധം തുടരുമെന്നും യുഡിഎഫ് എംപിമാർ അറിയിച്ചു.