കണ്ണൂർ സെൻട്രൽ ജയിലിൽ അതീവ സുരക്ഷയിൽ പാർപ്പിച്ചിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിൽ, ജയിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും ഒരേസമയം നിരീക്ഷിക്കാൻ സെൻട്രൽ ജയിലുകളിൽ എ ഐ ക്യാമറകൾ സ്ഥാപിക്കും.
രാത്രി ദൃശ്യങ്ങളടക്കം പകർത്താൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംവിധാനമുള്ള സി. സി. ടി. വി ക്യാമറകളാണ് സ്ഥാപിക്കുക. ഈ ക്യാമറകൾ മതിലുകളിലെ ഇലക്ട്രിക് ഫെൻസിംഗുമായും ബന്ധിപ്പിക്കാം. ജയിൽചാട്ടത്തിന് ശ്രമമുണ്ടായാൽ അലാറം മുഴങ്ങും. അപായമുന്നറിയിപ്പ് ഉന്നതഉദ്യോഗസ്ഥരുടെ ഫോണിലും എത്തും.
കണ്ണൂർ, വിയ്യൂർ, പൂജപ്പുര, തവനൂർ സെൻട്രൽ ജയിലുകളിൽ ചുറ്റുമതിലിനു മുകളിൽ 3 മാസത്തിനകം വൈദ്യുതി ഫെൻസിംഗ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. കണ്ണൂർ സെൻട്രൽ ജയിലിൽ കെൺട്രോൺ സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ച ഉടൻ തകരാറിലായിട്ടും ഇതുവരെ പരിഹരിച്ചിരുന്നില്ല.
ജയിലിനകത്ത് ഇന്റലിജൻസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ജയിലുകളിലെ നിലവിലുള്ള വീഡിയോ കോൺഫറൻസിംഗ് സംവിധാനം ശക്തിപ്പെടുത്തും. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയതിനെക്കുറിച്ച് അന്വേഷിക്കാൻ കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് എന്നിവരുടെ സമിതിയെ നിയോഗിച്ചു. നിലവിൽ പുരോഗമിക്കുന്ന പൊലീസ്, വകുപ്പുതല അന്വേഷണങ്ങൾക്കു പുറമെയാണ് ഇഈ നിയമനം.