കടം വാങ്ങിയ പണം തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് യുവതിയെ മർദിക്കുകയും വസ്ത്രം അഴിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന പരാതിയിൽ ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ. ദമ്പതികളടക്കം രേഷ്മ ബാനു, നസാത്ത്, രേഷ്മയുടെ ഭർത്താവ് സുഹൈൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലാണ് സംഭവം. പണം നൽകിയില്ലെങ്കിൽ യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

രണ്ട് വർഷം മുമ്പ് പരാതിക്കാരി നസാത്ത് ബീഗത്തിൽ നിന്ന് 50,000 രൂപയും രേഷ്മ ബാനുവിൽ നിന്ന് ഒരു ലക്ഷം രൂപയും പലിശയ്ക്ക് കടം വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി തവണകൾ തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നാണ് യുവതിയുടെ മൊഴി. തവണ മുടങ്ങിയതോടെ രേഷ്മ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു.

തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. പിന്നീട് ക്രൂരമായി മർദിക്കുകയും വസ്ത്രം അഴിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.

അവസാനം വാഷ്റൂമിൽ പോകാൻ അനുമതി ലഭിച്ചപ്പോൾ യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Posts