കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ 2026–27 (BR-113) ലോട്ടറിയിൽ ഇത്തവണ 26 പേർക്ക് കോടികളുടെ ഭാഗ്യം. ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി 24 പേർക്ക് ഓരോ കോടി രൂപ വീതവുമാണ് ലഭിക്കുക. ഇതിനു പുറമെ 215 പേർ ലക്ഷാധിപതികളാകും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തുക സർക്കാർ ഇത്തവണ 25 കോടിയായി ഉയർത്തി. സമ്മാനങ്ങളുടെ എണ്ണത്തിലും ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 450 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി വിതരണം ചെയ്യുക.
നവംബർ 28ന് ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ്. അതേസമയം, ലോട്ടറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണെന്ന് ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.