ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 105 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പ്രമുഖ ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകളായ സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ഔട്ട്ലെറ്റുകളും നടപടിക്ക് വിധേയമായി. ബിരിയാണി ബൈ കിലോ, ടോസിൻ പിസ, ജംബോ ബർഗർ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയും അധികൃതർ നടപടിയെടുത്തു.

നവംബർ നാല്, അഞ്ച് തീയതികളിലായിരുന്നു സംസ്ഥാനത്തുടനീളം പരിശോധന നടത്തിയത്. മുംബൈയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇവിടെ 28 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നാസിക്കിൽ 39, പുണെയിൽ 20, അമരാവതിയിൽ 15, ഛത്രപതി സംഭാജിനഗറിൽ രണ്ട്, താനെയിൽ ഒന്ന് എന്നിങ്ങനെയാണ് മറ്റു സ്ഥാപനങ്ങൾക്കെതിരായ നടപടി.

ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു. പുണെയിൽ മൂന്ന് സ്ഥാപനങ്ങളും അമരാവതിയിൽ രണ്ടും മുംബൈ, കൊങ്കൺ മേഖലകളിൽ ഓരോ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ബോറിവലിയിലെ രാജധാനി ബിരിയാണി സെന്ററിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്യുക, ഭക്ഷ്യവസ്തുക്കൾ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുക, ജീവനക്കാരുടെ ആരോഗ്യപരിശോധനാ രേഖകൾ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

നിയമലംഘനം കണ്ടെത്തിയ 69-ലധികം സ്ഥാപനങ്ങളിൽ നിന്നായി 1.35 കോടി രൂപ വിലമതിക്കുന്ന 39,485 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. കൂടാതെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നായി 7.96 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ഗുട്ക, പാൻമസാല ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തതോടൊപ്പം രണ്ട് വാഹനങ്ങളും അധികൃതർ കസ്റ്റഡിയിലെടുത്തു.

Related Posts