മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സുപ്രീംകോടതിയുടെ ഉത്തരവ് കണ്ടില്ലേയെന്ന് ചോദിച്ച അദ്ദേഹം, പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ വിജയിയെ ബോധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രതികരിച്ചു.
മേക്കെദാട്ടു അണക്കെട്ട് നിർമിക്കുന്നത് കർണാടകത്തിൻ്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് ശിവകുമാർ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ പേരിൽ തമിഴ്നാടിന് നൽകേണ്ട കാവേരി ജലത്തിൻ്റെ അളവിൽ കുറവുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ആവശ്യമെങ്കിൽ വിജയിക്ക് പദ്ധതി പ്രദേശം നേരിട്ടെത്തി സന്ദർശിക്കാമെന്നും ശിവകുമാർ പറഞ്ഞു.
മേക്കെദാട്ടു പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചതായി പുറത്തുവന്ന വിവരങ്ങളിലാണ് തമിഴ്നാട് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ, കാവേരി നദീജല പങ്കിടലുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ പദ്ധതിക്ക് നിയമപരമോ ഭരണപരമോ ആയ അനുമതികൾ നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കാവേരി ഡെൽറ്റ മേഖലയിലെ കർഷകർ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര ഉദ്യോഗസ്ഥരുടെ സന്ദർശനം ആശങ്ക വർധിപ്പിക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടി. 2026-27 വർഷത്തിലും കർണാടക തമിഴ്നാടിന് അർഹമായ ജലം നൽകാൻ തയ്യാറാകുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള കാവേരി ജലവിതരണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.
മേക്കെദാട്ടു അണക്കെട്ട് പദ്ധതി വീണ്ടും കർണാടക–തമിഴ്നാട് തർക്കവിഷയമായതോടെ ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ കാവേരി ജലവിവാദം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.