പെട്രോളിൽ അനുവദനീയമായ 20 ശതമാനം പരിധി മറികടന്ന് 31.2 ശതമാനം വരെ എഥനോൾ കലർത്തിയിട്ടുണ്ടെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നതായി കർണാടക സർക്കാർ. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതിൽ ഭൂരിഭാഗത്തിലും എഥനോളിൻ്റെ അളവ് 20 ശതമാനത്തിന് മുകളിലാണെന്ന് കണ്ടെത്തിയതായി ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി.
എണ്ണക്കമ്പനികൾ സർക്കാർ കണ്ടെത്തലിനെ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ചില പെട്രോൾ പമ്പുകളിലെ മാത്രം പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് കമ്പനികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരിശോധനാ നടപടികൾ പൂർണമായും സുതാര്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്നായി ശേഖരിച്ച 63 പെട്രോൾ സാമ്പിളുകളാണ് സർക്കാർ പരിശോധിച്ചത്. ഇതിൽ അഞ്ചിൽ നാലെണ്ണത്തിലും എഥനോളിൻ്റെ അളവ് 20 ശതമാനത്തിന് മുകളിലായിരുന്നു. ചില സാമ്പിളുകളിൽ 25.5 ശതമാനം മുതൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തി. എന്നാൽ ഒരു സാമ്പിളിൽ എഥനോളിൻ്റെ അളവ് 13.5 ശതമാനം മാത്രമായിരുന്നു.
രാജ്യത്ത് നടപ്പാക്കുന്ന E20 നയപ്രകാരം പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ മാത്രമേ കലർത്താൻ പാടുള്ളൂ. ഈ പരിധി മറികടന്നുള്ള കണ്ടെത്തൽ ഇന്ധനത്തിൻ്റെ ഗുണനിലവാരവും വിതരണത്തിലെ നിയന്ത്രണങ്ങളും സംബന്ധിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
അതേസമയം, എണ്ണക്കമ്പനികളുടെ സ്വന്തം ലബോറട്ടറികളിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ടുകളിൽ എഥനോളിൻ്റെ കൃത്യമായ അളവ് വ്യക്തമാക്കിയിരുന്നില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതേത്തുടർന്നാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെയും (NABL), ISOയുടെയും അംഗീകാരമുള്ള ലബോറട്ടറികളിൽ സാമ്പിളുകൾ വീണ്ടും പരിശോധിച്ചത്.
പരിശോധനാ ഫലങ്ങൾ പുറത്തുവന്നതോടെ എണ്ണക്കമ്പനികളും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ ശക്തമായിരിക്കുകയാണ്. പെട്രോളിൽ അനുവദനീയമായതിലും അധികം എഥനോൾ കലർത്തിയിട്ടുണ്ടെന്ന ആരോപണത്തിൽ തുടർനടപടികൾക്കും സാധ്യതയുണ്ട്.