കർണാടക പിഎസ്‌സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളെ സിഐഡി ചോദ്യം ചെയ്‌തു.. ഇടനിലക്കാർക്ക് 40 ലക്ഷം രൂപ വരെ കൈക്കൂലി നൽകിയതായി ആരോപണമുള്ള ഉദ്യോഗാർഥികളെയാണ് സിഐഡി സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഭൂരിഭാഗം പേരും പണം നൽകിയതായി മൊഴി നൽകിയെന്നാണ് വിവരം.

മൃഗസംരക്ഷണ–ഫിഷറീസ് വകുപ്പുകളിലേക്കുള്ള 400 വെറ്ററിനറി ഓഫിസർമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ജൂലൈ 17ന് പ്രസിദ്ധീകരിച്ച യോഗ്യതാ പട്ടികയിൽ 29 പേരെ അനധികൃതമായി ഉൾപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. യോഗ്യതാ പരീക്ഷയുടെ ഒഎംആർ ഷീറ്റുകളിൽ തിരിമറി നടത്തിയായിരുന്നു ക്രമക്കേടെന്നാണ് സിഐഡിയുടെ കണ്ടെത്തൽ.

കേസിൽ അറസ്റ്റിലായ മുൻ പരീക്ഷാ കൺട്രോളറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാർ, ഇടനിലക്കാരനും തുമകുരു സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ ബസവരാജ് കണ്ണാളെ എന്നിവരെയും സിഐഡി ചോദ്യം ചെയ്തുവരികയാണ്.

ഉദ്യോഗാർഥികളുമായി കൈക്കൂലി സംബന്ധിച്ച് വിലപേശൽ നടത്തിയതും പണം കൈപ്പറ്റുന്നതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതും ബസവരാജ് കണ്ണാളെയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ബീദർ ഭാൽക്കി സ്വദേശിയും ബിജെപി നേതാവുമായ ഇയാളുടെ ഇടപെടലുകളെക്കുറിച്ചും സിഐഡി വിശദമായി അന്വേഷിച്ചുവരികയാണ്.

Related Posts