സുഹൃത്തിൻ്റെ 21കാരിയായ കാമുകിയെ ബലാത്സംഗം ചെയ്തെന്ന പരാതിക്കു പിന്നാലെ സോഫ്റ്റ്‌വെയർ എൻജിനീയറെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ 11 പേർ അറസ്റ്റിലായി. മാറത്തഹള്ളിയിലാണ് സംഭവം. കേസിൽ യുവതിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശികളും സോഫ്റ്റ്‌വെയർ എൻജിനീയർമാരുമായ ബുര്‍സു മഹേന്ദ്ര (23), യെരിബോയിന തരുണ്‍ (23) എന്നിവർ മാറത്തഹള്ളിയിലെ ഒരേ വീട്ടിലായിരുന്നു താമസം. ഒക്ടോബർ 28ന് പുലർച്ചെ 2.50നും ആറിനുമിടയിൽ മകനെ തട്ടിക്കൊണ്ടുപോയെന്ന് മഹേന്ദ്രയുടെ പിതാവ് പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് 21കാരിയുൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മഹേന്ദ്രയെയും തരുണിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചതായും മോചനദ്രവ്യം ആവശ്യപ്പെട്ടതായും പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

എന്നാൽ, അന്വേഷണത്തിനിടെ യുവതി ഉന്നയിച്ച ബലാത്സംഗ ആരോപണമാണ് കേസിൽ പുതിയ വഴിത്തിരിവായത്. ഒക്ടോബർ 24ന് പുലർച്ചെ 1.30നും നാലിനുമിടയിൽ മഹേന്ദ്ര താൻ താമസിച്ചിരുന്ന വീട്ടിൽവെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. തരുണ്‍ തന്നെ മുറിയിൽ പൂട്ടിയിട്ടതായും യുവതി ആരോപിച്ചു.

തുടർന്ന് യുവതി സുഹൃത്തുക്കളെ വിവരം അറിയിച്ചതായും അവർ മഹേന്ദ്രയെയും തരുണിനെയും തട്ടിക്കൊണ്ടുപോയി മർദിച്ച് പണം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, ബലാത്സംഗ ആരോപണത്തിൽ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts