തമിഴ്നാട്ടിൽ സർക്കാർ ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന സ്കൂൾ, കോളേജ് വിദ്യാർഥികളുടെ പ്രതിമാസ ഭക്ഷണ അലവൻസ് വർധിപ്പിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് 400 രൂപയും കോളേജ് വിദ്യാർഥികൾക്ക് 500 രൂപയുമാണ് വർധിപ്പിച്ചത്. ഭക്ഷ്യവസ്തുക്കളുടെയും പാചകവാതകത്തിൻ്റെയും വില ഉയർന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പുതുക്കിയ നിരക്കനുസരിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 1,800 രൂപയും കോളേജ് വിദ്യാർഥികൾക്ക് 2,000 രൂപയും ലഭിക്കും. നേരത്തേ ഇത് യഥാക്രമം 1,400 രൂപയും 1,500 രൂപയുമായിരുന്നു.
പിന്നാക്ക വിഭാഗങ്ങൾ, അതീവ പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ക്ഷേമവകുപ്പിന് കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന 1,363 ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഹോസ്റ്റലുകളിൽ സൗജന്യ താമസവും മൂന്ന് നേരം ഭക്ഷണവും നൽകുന്നുണ്ട്.
പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ 19.51 കോടി രൂപ അധികമായി അനുവദിച്ചു. അക്കാദമിക് വർഷത്തിലെ പത്ത് മാസത്തേക്കാണ് ഭക്ഷണ അലവൻസ് നൽകുന്നത്. 2023ലാണ് ഇതിന് മുമ്പ് അലവൻസ് വർധിപ്പിച്ചത്.