സ്ത്രീകൾക്കായി ഭരണഘടനയും നിയമങ്ങളും ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷണങ്ങളും ട്രാൻസ് വനിതകൾക്ക് നൽകുന്നതിനെ ചോദ്യം ചെയ്ത് വുമൺസ് ഡിക്ലറേഷൻ ഇന്റർനാഷണൽ (ഡബ്ല്യുഡിഐ) സുപ്രീംകോടതിയെ സമീപിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സ്വത്വം അംഗീകരിക്കുന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള ഹർജികൾക്കൊപ്പം ഇതും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹർജിയിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം, വനിതാ ജയിലുകളിലെ താമസം, സ്ത്രീകളുടെ കായിക മത്സരങ്ങളിലെ പങ്കാളിത്തം, ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
സ്വയം പ്രഖ്യാപിത ട്രാൻസ് വനിതാ പദവിയോ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളോ ഒരാളുടെ ജന്മസമയത്തെ ലിംഗം മാറ്റുന്നില്ലെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. സ്ത്രീകൾക്കായി പ്രത്യേകം ഏർപ്പെടുത്തിയ അവകാശങ്ങളും സംരക്ഷണങ്ങളും ആനുകൂല്യങ്ങളും ട്രാൻസ് വനിതകൾക്ക് അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
ലിംഗവും ജെൻഡർ ഐഡന്റിറ്റിയും വ്യത്യസ്ത ആശയങ്ങളാണെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് സിബൽ കോടതിയിൽ വാദിച്ചു. അതേസമയം, ഹർജിയിലെ വാദങ്ങളിൽ സുപ്രീംകോടതി അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രസർക്കാരിൻ്റെ മറുപടിയും തുടർവാദങ്ങളും പരിഗണിച്ച ശേഷമായിരിക്കും വിഷയത്തിൽ കോടതി തീരുമാനമെടുക്കുക.