ഇന്ത്യയിലെ നിരവധി വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ താൽക്കാലികമായി ബ്ലോക്ക് ചെയ്യപ്പെടുന്ന പ്രശ്‌നം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ചിലർക്കു 24 മണിക്കൂർ വരെ അക്കൗണ്ട് മരവിപ്പിച്ചതായി സന്ദേശം ലഭിച്ചതോടെ ആശങ്ക ഉയർന്നു. നിരവധി അക്കൗണ്ടുകൾ പരിശോധനയ്ക്കായി താൽക്കാലികമായി നിയന്ത്രണവിധേയമാക്കിയതായും ഉപയോക്താക്കൾ പരാതിപ്പെട്ടു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പ്രശ്‌നം വ്യാപകമായി ശ്രദ്ധയിൽപ്പെട്ടത്. “പ്ലാറ്റ്ഫോമിൻ്റെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി അക്കൗണ്ട് പരിശോധിച്ചുവരികയാണ്” എന്ന സന്ദേശമാണ് പലർക്കും ലഭിച്ചത്. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് അക്കൗണ്ടുകൾ റിവ്യൂവിന് വിധേയമാക്കിയതെന്നും, നയങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും നിരവധി ഉപയോക്താക്കൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

സംഭവത്തിൽ പ്രതികരിച്ച വാട്‌സ്ആപ്പ് വക്താവ്, യഥാർഥ ഉപയോക്താക്കളെ സംരക്ഷിക്കാനും വ്യാജ അക്കൗണ്ടുകളും ദുരുപയോഗവും തടയാനുമായി സുരക്ഷാ പരിശോധനകൾ തുടർച്ചയായി നടത്തിവരുകയാണെന്ന് അറിയിച്ചു. സാങ്കേതിക പിഴവിനെ തുടർന്ന് ചില യഥാർഥ അക്കൗണ്ടുകൾക്കും നിയന്ത്രണം വന്നിട്ടുണ്ടാകാമെന്നും, പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എത്ര അക്കൗണ്ടുകളെ ഇത് ബാധിച്ചെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇന്ത്യയിലെ ചില ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് ആപ്പുകളിൽ ജനനത്തീയതി രേഖപ്പെടുത്താൻ ആവശ്യപ്പെടുന്ന പോപ്പ്-അപ്പ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ സമൂഹമാധ്യമ ഉപയോഗത്തിന് പ്രായപരിധിയോ പ്രായപരിശോധനാ സംവിധാനമോ വരാനൊരുങ്ങുകയാണോ എന്ന ചർച്ചകളും ശക്തമായിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയമോ മെറ്റയോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Related Posts