കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ്റെ നടപടി. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടി. കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകനാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് വ്യക്തമാക്കുന്നത്. കുട്ടിയുടെ പരിചരണത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കേസ് അവസാനിപ്പിക്കൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ താര ഏഴ് കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടി നേരത്തേ മരിച്ചിരുന്നു. കുട്ടികളുടെ പരിപാലനത്തിൽ മാതാപിതാക്കൾ വീഴ്ച വരുത്തിയിരുന്നതായി നാട്ടുകാരും ആരോപിച്ചു. വീട്ടിലെ മറ്റ് കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അവരെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.