വർഗീയ ശക്തികൾ ശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരുവെന്നും മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പിണറായി വിജയൻ വ്യക്തമാക്കിയത്.
‘ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ വിഭജന രാഷ്ട്രീയവും മതജാതി വർഗീയതയും ഉൾപ്പെടെ നമുക്കു മുന്നിൽ ഇന്ന് അനവധിയായ വെല്ലുവിളികളുണ്ട്. ഗുരുവിൻ്റെ പോരാട്ടചരിത്രവും ഗുരുചിന്തയും ഈ പ്രതിബന്ധങ്ങൾ മുറിച്ചു കടക്കാൻ നമുക്ക് ഊർജമാകുമെന്നും മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.