സർക്കാർ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, പാർട്ടി തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ. ശനിയാഴ്ച മംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശിവകുമാർ പറഞ്ഞത്. ദളിത് സംഘടനകൾ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ പരാമർശിച്ച് പിന്തുണക്കുന്നവർക്ക് അവരുടേതായ അഭിലാഷങ്ങൾ ഉണ്ടാകും. അത് എനിക്ക് വേണ്ടെന്ന് പറയാൻ കഴിയില്ല, അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കാലക്രമേണ വ്യക്തത വരുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പാർട്ടി ഹൈകമാൻഡ് നേതൃമാറ്റം അംഗീകരിച്ചിട്ടില്ലെന്നും തൻ്റെ പിതാവ് അഞ്ച് വർഷം മുഴുവൻ മുഖ്യമന്ത്രിയായി തുടരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എം.എൽ.സിയുമായ യതീന്ദ്ര പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും നേതൃമാറ്റം ചർച്ച ഉയർന്നത്. വെള്ളിയാഴ്ച‌ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് യതീന്ദ്ര ഈ നേതൃമാറ്റപരാമർശം നടത്തിയത്.

മുഖ്യമന്ത്രിയുടെ മകൻ ഞങ്ങളുടെ ഹൈകമാൻഡാണ്, അദ്ദേഹം എന്ത്പറഞ്ഞാലും ഞാൻ അംഗീകരിക്കും. അദ്ദേഹം തന്നെയാണ് ഞങ്ങളുടെ ഹൈകമാൻഡ്. അദ്ദേഹം എന്ത് പറഞ്ഞാലും ഞാൻ അത് ബഹുമാനത്തോടെ സ്വീകരിക്കും. അദ്ദേഹം തന്നെയാണ് ഹൈകമാൻഡ് എന്ന രീതിയിൽ പ്രസ്താവന നടത്തിയതിനാൽ, നമുക്ക് അദ്ദേഹത്തെ ഹൈകമാൻഡായി സ്വീകരിക്കാം എന്നായിരുന്നു ഇതു സംബന്ധിച്ച് ശിവകുമാറിൻ്റെ പ്രതികരണം.

Related Posts