അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ടയിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിൽ 67 ലിറ്റർ മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് അബ്കാരി നിയമപ്രകാരം നടപടി.
ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപണമുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വീട്ടിൽ എസ്‌ഐടി നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിൽ നിർമിച്ച വൈൻ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും മറ്റൊരു മുറിയിൽനിന്ന് കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മൂന്ന് വാഹനങ്ങളിലായി കളമശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിലെത്തി നടപടികൾ സ്വീകരിച്ചത്.
അറസ്റ്റ് നടപടികളോട് ആന്റോ ആദ്യം സഹകരിച്ചിരുന്നില്ലെന്നാണ് വിവരം. എഫ്ഐആർ കാണാതെ അറസ്റ്റിന് വഴങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട പരിശോധന പൂർത്തിയാക്കി എസ്‌ഐടി സംഘം മടങ്ങുന്നതിന് തൊട്ടുമുമ്പാണ് എക്സൈസ് സംഘം റിപ്പോർട്ടർ ടിവി ഓഫീസിലെത്തിയത്.