എസ്ഐആർ കരട് വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളിൽ വിശദീകരണം തേടി നോട്ടീസ് ലഭിച്ച മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി പരിശോധന നടത്തുന്നതിനായി അപേക്ഷിക്കാം. ഹിയറിങ്ങിനായി ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് മുന്നിൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് 43.81 ലക്ഷം വോട്ടർമാർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

മുതിർന്ന പൗരന്മാർക്ക് പുറമെ ഭിന്നശേഷിക്കാർ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ, പ്രവാസികൾ തുടങ്ങിയവർക്കും വീടുകളിലെത്തി പരിശോധന നടത്താൻ അപേക്ഷ നൽകാം. ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) വഴിയാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. സിനിമ, കായികം, മാധ്യമം, ജുഡീഷ്യറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

2002ലെ വോട്ടർ പട്ടികയിൽ രക്ഷിതാക്കളുടെ വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലാത്തവരും വീടുകൾ മാപ്പ് ചെയ്യാത്തവരുമായ 23.45 ലക്ഷം വോട്ടർമാരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. എന്യൂമറേഷൻ ഫോമിൽ മറ്റ് യുക്തിപരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയ 20.36 ലക്ഷം പേരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബർ 15 വരെ 12.56 ലക്ഷം വോട്ടർമാരുടെ ഹിയറിങ് പൂർത്തിയായി. വിശദീകരണവും ആവശ്യമായ രേഖകളും സമർപ്പിക്കാൻ ഒക്ടോബർ 12 വരെ അവസരമുണ്ട്. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും

Related Posts