ബെംഗളൂരുവിലെ പഞ്ചനക്ഷത്ര, ത്രീ സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകൾ, അഴുകിയ പച്ചക്കറികൾ, പൂപ്പൽ ബാധിച്ച ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിരവധി വീഴ്ചകൾ കണ്ടെത്തി.

ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ (BBMP) പരിധിയിലെ വിവിധ മേഖലകളിലായിരുന്നു പരിശോധന. ഹോട്ടലുകളുടെ അടുക്കളകളിലെ ശുചിത്വക്കുറവ്, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളുടെ ഉപയോഗം, ഭക്ഷ്യവസ്തുക്കളുടെ അശാസ്ത്രീയമായ സംഭരണം തുടങ്ങിയവയും ഉദ്യോഗസ്ഥർ കണ്ടെത്തി.

പരിശോധനയ്ക്കിടെ ശേഖരിച്ച ഭക്ഷ്യസാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ചില ഹോട്ടലുകളിൽ സസ്യാഹാരവും മാംസാഹാരവും പ്രത്യേകം സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.

ഭക്ഷ്യവസ്തുക്കളുടെ ലേബലിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതടക്കം FSSAIയുടെ നിർബന്ധിത ലേബലിംഗ് ചട്ടങ്ങളുടെ ലംഘനവും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് ബന്ധപ്പെട്ട ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

പരിശോധനയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില ഹോട്ടലുകളിൽ കണ്ടെത്തിയ ഭക്ഷ്യവസ്തുക്കൾ ജീവനക്കാർ നീക്കം ചെയ്യുന്നതിൻ്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

ലബോറട്ടറി പരിശോധനാ ഫലങ്ങളും നിയമവ്യവസ്ഥകളും പരിശോധിച്ച ശേഷമായിരിക്കും ഹോട്ടലുകൾക്കെതിരെ തുടർനടപടി സ്വീകരിക്കുകയെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി.

Related Posts