മൈസൂരു, കുടക് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നാഗർഹോളെ കടുവ സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇഎസ്ഇസഡ്) പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. റിസർവ് വനത്തിന് ചുറ്റുമുള്ള 574 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിൻ്റെ സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതുസംബന്ധിച്ചുള്ള രണ്ടാമത്തെ കരട് വിജ്ഞാപനമാണിത്. ഖനനം, ക്വാറി പ്രവർത്തനം, പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന വ്യവസായങ്ങൾ, താപ-ജലവൈദ്യുതി പദ്ധതികൾ, തടിമില്ലുകൾ, മാലിന്യസംസ്‌കരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങി 11 വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം.

വിജ്ഞാപനത്തിൻ്റെ പരിധിയിൽ 844 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി നിരവധി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2017ലും സമാനമായ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നെങ്കിലും കാര്യമായ നിയന്ത്രണങ്ങൾ നടപ്പായിരുന്നില്ല.

നാഗർഹോളെ കടുവ സങ്കേതത്തിൻ്റെ പരിധിയിൽ 101 ജനവാസ ഗ്രാമങ്ങളുണ്ട്. ഇവിടത്തെ വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി രണ്ട് വർഷത്തിനകം മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. ജനങ്ങളുടെ കരടിന് എതിരെയുള്ള തടസ്സവാദങ്ങൾ മന്ത്രാലയത്തിന് നേരിട്ട് കത്തെഴുതുകയോ esz-mef@nic.in എന്ന ഇ-മെയിൽ മുഖേനയോ നവംബർ 1ന് മുൻപ് കേന്ദ്രത്തെ അറിയിക്കാം.

Related Posts