തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർഥിയായ കൃഷ്ണനന്ദു (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ കോന്നി കൂടൽ ജംക്‌ഷനിലായിരുന്നു അപകടം.

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഔദ്യോഗിക ആവശ്യത്തിന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡണ്ട്. ഇതിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനെ ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ കൃഷ്ണനന്ദുവിന് ഗുരുതരമായി പരിക്കേറ്റു. കാർ തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികന് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.

കാറിലുണ്ടായിരുന്ന കെ. ജയകുമാറിന് പരിക്കേറ്റിട്ടില്ല. അപകടത്തെത്തുടർന്ന് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. കൂടൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Related Posts