പ്രവാസികളോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് ക്രൂരതയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ലോക കേരളസഭ പിരിച്ചുവിട്ടതും പ്രവാസി പെൻഷൻ മുടങ്ങിയതും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കുത്തനെ വർധിപ്പിച്ചതും ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിൽ പ്രവാസികൾക്ക് നിർണായക പങ്കുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഏകദേശം 22 ലക്ഷം മലയാളികൾ വിദേശത്തുണ്ടെന്നാണ് കണക്ക്. ഇവരെ ചേർത്തുപിടിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം, പ്രവാസി പെൻഷൻ, ചികിത്സാ ധനസഹായം തുടങ്ങിയ പദ്ധതികൾ ഇതിൻ്റെ ഭാഗമായാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭയും പെൻഷൻ മുടക്കവും ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കാനും പരിഹാരങ്ങൾ തേടാനും അവസരമൊരുക്കിയ വേദിയായിരുന്നു ലോക കേരളസഭയെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ സഭ പിരിച്ചുവിടുന്നതിനു മുമ്പ് പ്രവാസികളുമായി ആശയവിനിമയം നടത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.

പ്രവാസി പെൻഷൻ മൂന്നുമാസമായി മുടങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈയിലാണ് അവസാനമായി പെൻഷൻ വിതരണം ചെയ്തത്. ഇതുമൂലം പെൻഷനെ ആശ്രയിച്ച് കഴിയുന്ന പ്രവാസികളുടെ ജീവിതം പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് പിണറായി വിജയൻ പറഞ്ഞു.

2025 നവംബർ 30ന് അവസാനിച്ച ആദ്യഘട്ട എൻറോൾമെന്റിൽ 1,32,034 കുടുംബങ്ങൾ അംഗങ്ങളായി. സെപ്റ്റംബർ 18ന് അവസാനിച്ച നോർക്ക കെയർ പ്ലസ് പദ്ധതിയിൽ 95,580 കുടുംബങ്ങളും അംഗങ്ങളായി. ഇതോടെ രണ്ട് പദ്ധതികളിലുമായി ആകെ 2,27,614 കുടുംബങ്ങൾ അംഗങ്ങളായതായി അദ്ദേഹം വ്യക്തമാക്കി.

പുതിയ നിരക്കുപ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51–60 വയസ്സുകാർക്ക് 21,722 രൂപയും 61–70 വയസ്സുകാർക്ക് 28,326 രൂപയും 71–80 വയസ്സുകാർക്ക് 48,279 രൂപയുമാണ് പ്രീമിയം. ഇത്രയും ഉയർന്ന തുക നൽകി ഇൻഷുറൻസ് പുതുക്കേണ്ടിവരുന്നത് പ്രായമായ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ വെല്ലുവിളിയാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

Related Posts