നടൻ മണിയൻ പിള്ള രാജുവിൻ്റെ കാർ യുവാക്കൾ സഞ്ചരിച്ച ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സംഭവത്തിൽ മ്യൂസിയം പൊലീസ് നടനെതിരെ കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

അതേസമയം, യുവാക്കൾ തന്‍റെ വാഹനത്തിലിടിക്കുകയായിരുന്നു വെന്ന് രാജു പറഞ്ഞു. ഒരു ക്യാൻസർ രോഗിയാണ് താനെന്നും ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും ശബ്ദം കേട്ട ഉടനെ പാനിക് ആയി സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തിന് പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും രാജു പറഞ്ഞു.

Related Posts