സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് ലോക്ഭവൻ വ്യക്തമാക്കി. ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കായി പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വന്ദേമാതരത്തെക്കുറിച്ച് പ്രത്യേക നിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു.
സർക്കുലറിൽ ദേശീയഗാനത്തെക്കുറിച്ച് മാത്രമാണ് പരാമർശിച്ചിരുന്നതെന്നും, വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്നും ലോക്ഭവൻ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ സർക്കാരിനുള്ളിൽ തന്നെ വ്യത്യസ്ത പ്രതികരണങ്ങളാണ് പുറത്തുവന്നത്. വന്ദേമാതരം പൂർണമായി ആലപിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും വ്യക്തമാക്കിയപ്പോൾ, ലോക്ഭവൻ്റെ നിർദേശപ്രകാരമാണ് സർക്കുലർ പുറത്തിറങ്ങിയതെന്ന വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്.
ഇതോടെ വന്ദേമാതരം സംബന്ധിച്ച സർക്കുലർ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. നേരത്തെ വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവൻ്റെ നിർദേശപ്രകാരം വന്ദേമാതരം പൂർണമായും ആലപിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയഗാനത്തിനും വന്ദേമാതരത്തിനും എന്ത് രീതിയിലുള്ള പ്രോട്ടോക്കോൾ പാലിക്കണമെന്നതിനെച്ചൊല്ലിയുള്ള വിവാദം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.