സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും മാനസിക സംഘർഷവും കാരണം ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി
സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും കടുത്ത മാനസിക സംഘർഷവും കാരണം ബംഗളുരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി. സോഫ്റ്റ് വെയർ എൻജിനീയർ മായങ്ക് രജനി (30) ബംഗളൂരു കുഡ്യുവിനടുത്തുള്ള അപ്പാർട്ട്മെൻ്റിൻ്റെ 12-ാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഉത്തർ പ്രദേശിലെ ലഖ്നോവിൽ നിന്ന് 2018 ൽ ബംഗളൂരുവിലേക്ക് താമസം മാറിയതാണ് ഇയാൾ. ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് പരപ്പന അഗ്രഹാര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു മായങ്ക് രജനി.
മാർച്ച് 4 ന് രാവിലെ 6 മണിയോടെ രജനി അപ്പാർട്ട്മെൻ്റിൽ നിന്ന് ചാടി മരിച്ചതായി മനോഹറിൻ്റെ കുടുംബത്തിന് പൊലീസിൽ നിന്ന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാരൻ രജനിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പരപ്പന പൊലീസ് അറിയിച്ചു.