അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഹോട്ടല്‍ മാനേജ്‌മെൻ്റ്, നഴ്‌സിങ് കോഴ്‌സുകള്‍ക്ക് ബെംഗളൂരുവിലുള്ള കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം വളഞ്ഞമ്പലത്തിന് സമീപമുള്ള എക്‌സ്‌പെര്‍ട്ട് എജ്യു ടെക്ക് അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിൻ്റെ ഉടമ, ചെങ്ങന്നൂര്‍ സ്വദേശി മെല്‍ജോ തോമസാണ് (33) അറസ്റ്റിലായത്.
അഡ്മിഷന്‍ തരപ്പെടുത്തി നൽകാനായി പഠിതാക്കളിൽ നിന്നും രണ്ടര ലക്ഷം രൂപ വീതമാണ് ഇയാൾ വാങ്ങിയത്. പലരുടെയും സർട്ടിഫിക്കറ്റുകളും ഇയാൾ വാങ്ങിയെടുത്തിട്ടുണ്ട്. നഴ്‌സിങ് കൗൺസിലിൻ്റെ അംഗീകാരം ഇല്ലാത്ത കോളേജുകളിൽ ചിലരെ അഡ്‌മിഷൻ വാങ്ങിക്കൊടുത്ത് കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒറിജിനൽ സർട്ടിഫിക്കറ്റ് പിടിച്ചുവെച്ചതിനും, സ്ഥാപനത്തിലെ ജോലിക്കാരായ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതിനും, ഇയാൾക്കെതിരേ പരാതിപ്പെട്ടവരെ ഭീഷണിപ്പെടുത്തിയതിനും ഇയാളുടെ പേരിൽ സൗത്ത് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നിലവിൽ പത്ത് പരാതികൾ ഇയാളേക്കുറിച്ച് സൗത്ത് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.