മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ തള്ളി യു.എസ് സുപ്രീംകോടതി. പാകിസ്താനിൽ ജനിച്ച മുസ്ലിമായതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഇതാണ് കോടതി തള്ളിയിരിക്കുന്നത്.
കഴിഞ്ഞമാസം കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. സുപ്രീംകോടതി ജനുവരിയിൽ റാണയുടെ പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ അടിയന്തര അപേക്ഷ കൂടി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ റാണയെ സംബന്ധിച്ച് അവസാന വഴിയും അടഞ്ഞിരിക്കുകയാണ്.
പാക് ഭീകരസംഘടനകൾക്കുവേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്. 2008 നവംബർ 26 ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. 2011-ൽ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയ്ക്ക് സഹായം നൽകിയ കേസിൽ യു.എസ്. കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.