റഷ്യയും യുക്രെയ്നും തമ്മിൽ കീവ് സംഘർഷം തുടരുന്നതിനിടെ സമാധന ചർച്ചയ്ക്ക് സാധ്യത തെളിയുന്നു. തുർക്കിയിലെ ഇസ്‌തംബൂളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യയും യുക്രെയ്നും തമ്മിൽ 7 ആഴ്‌ചകൾക്കു ശേഷമാണ് ചർച്ചയ്ക്ക് വീണ്ടും വഴിതെളിയുന്നത്. വെടിനിർത്തൽ 50 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനു മേൽ സമ്മർദം ശക്‌തമാകുന്നതിനിടെയാണ് ചർച്ച സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

യുക്രെയ്നും റഷ്യയും പരസ്‌പരം ഡ്രോണാക്രമണം ശക്തമാക്കി. 24 മിസൈലുകളും 426 ഡ്രോണുകളും ഉപയോഗിച്ചുള്ള റഷ്യൻ ആക്രമണത്തിൽ യുക്രെയ്‌നിൽ 2 പേർ മരിച്ചു. കുട്ടി ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. ലക്ഷ്യം കാണും മുൻപു റഷ്യയുടെ ഡ്രോണുകളിൽ പകുതിയോളം യുക്രെയ്ൻ സൈന്യം തകർത്തു. റഷ്യയോട് യുദ്ധം ചെയ്യാനായി നാറ്റോ വഴി യുക്രെയ്ന് ആയുധങ്ങൾ നൽകാമെന്ന യുഎസ് വാഗ്ദാനം ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം ചേരാനിരിക്കെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.

മോസ്കോയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യുക്രെയ്ൻ നടത്തിയ ഡ്രോണാക്രമണങ്ങളെറെയും. കിഴക്കൻ യുക്രെയിലെ ഡൊണെട്സ്കിലുള്ള ബിലഹോറ ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.

Related Posts