ദുബായിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലും യാത്ര ചെയ്തതായി കന്നഡ നടി രന്യ റാവു. സ്വർണ്ണക്കടത്ത് കേസിൽ അറസ്‌റ്റിലായ കന്നഡ നടി രന്യ റാവു കുറ്റം സമ്മതിച്ചതായി വിവരം. ദുബായിൽ മാത്രമല്ല അമേരിക്ക, മിഡിൽ ഈസ്‌റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തതായി നടി രന്യ റാവു ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇൻറലിജെൻസിനെ (ഡിആർഐ) അറിയിച്ചു.
നടിയുടെ കൈവശത്ത് നിന്ന് പിടിച്ചെടുത്ത 17 സ്വർണ്ണക്കട്ടികളുടെ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പറയാൻ രന്യ തയ്യാറായിട്ടില്ല. നടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസിലാക്കുമെന്നാണ് ഡിആർഐ പറയുന്നത്. കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിൻ്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുളള മകളാണ് രന്യ.
ദുബായിലേക്ക് ഇവർ നിരന്തരം നടത്തിയ യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രന്യ 30 തവണ ദുബായിലേക്ക് യാത്ര ചെയ്തതായാണ് വിവരം. പതിനഞ്ച് ദിവസത്തിനുള്ളിൽ 4 തവണ യാത്ര ചെയ്തതായും റിപ്പോർട്ടുകളുണ്ട്. കിലോക്കണക്കിന് സ്വർണ്ണം ഓരോ യാത്രയിലും കടത്തിയിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
കുറ്റം സമ്മതിച്ചതിനോടൊപ്പം നടപടികൾ സ്വകാര്യമായി നടത്താൻ അന്വേഷണ ഉദ്യോഗസ്ഥരോട് രന്യ അഭ്യർത്ഥിച്ചതായും വിവരമുണ്ട്. അന്വേഷണത്തിൽ പൂർണമായും സഹകരിക്കാമെന്നും നടി വ്യക്തമാക്കി. ‘എൻ്റെ മൊഴി രേഖപ്പെടുത്തിയതിൽ മതവികാരമൊന്നും വ്രണപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥർ എനിക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും തരുന്നുണ്ട്. എനിക്ക് വിശപ്പില്ലാത്തതുകൊണ്ടാണ് അവയൊന്നും കഴിക്കാത്തത്. ഞാൻ മൊഴി നൽകിയത് ആരുടെയും പ്രേരണ കൊണ്ടല്ല- രന്യ അറിയിച്ചു.
12 കോടി വിലമതിക്കുന്ന സ്വർണ്ണവുമായി ചൊവ്വാഴ്ച രാത്രിയിലാണ് രന്യ ബംഗളൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. 14.8 കിലോഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. കുറച്ച് സ്വർണ്ണം അണിഞ്ഞും ബാക്കി സ്വർണ്ണം വസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് രന്യ കടത്താൻ ശ്രമിച്ചത്.
ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 12-13 ലക്ഷം രൂപയാണ് രന്യ കമ്മീഷനായി നേടിയത്. ജാക്കറ്റുകൾ, ബെൽറ്റ് എന്നിവയിൽ ഒളിപ്പിച്ചാണു സ്വർണ്ണം കടത്തിയത്. 3 ന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വർണം ഒളിപ്പിച്ചിരുന്നു.