ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഇന്നലെ ഭീഷണി ഫോൺകോൾ ലഭിച്ചത്. തുടർന്ന് മുംബൈ പൊലീസ് വിവരം ഡൽഹി പൊലീസിന് കൈമാറുകയും നോർത്ത് ജില്ലാ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ചെങ്കോട്ട പരിസരത്ത് വ്യാപക പരിശോധന നടത്തുകയും ചെയ്തു.
ബോംബ് സ്ക്വാഡിൻ്റെയും ഡോഗ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ലഭിച്ച ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷ താൽക്കാലികമായി കൂടുതൽ കർശനമാക്കിയിരുന്നു.
ചെങ്കോട്ടയ്ക്ക് സമീപം 2025 നവംബറിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പുതിയ ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. അന്ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഭീകരസംഘവുമായി ബന്ധമുള്ള നിരവധി പ്രതികളെ അന്വേഷണസംഘം പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
പുതിയ ഭീഷണിയുടെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് ചെങ്കോട്ടയും പരിസര പ്രദേശങ്ങളും കർശന നിരീക്ഷണത്തിലാണ്.