സർക്കാർ ചടങ്ങുകളിൽ സംസ്ഥാന ഗാനം ആദ്യം ആലപിക്കണമെന്നും, തുടർന്ന് ദേശീയ ഗീതവും,അതിന് ശേഷം ദേശീയ ഗാനവും ആലപിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഈ ക്രമം കർശനമായി പാലിക്കണമെന്ന് എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര മന്ത്രാലയങ്ങൾക്കും അയച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചില സംസ്ഥാനങ്ങളിൽ ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനുമൊപ്പം സംസ്ഥാന ഗാനവും ആലപിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശം. അത്തരം ചടങ്ങുകളിൽ ആദ്യം സംസ്ഥാന ഗാനം, തുടർന്ന് ദേശീയ ഗീതം, ഒടുവിൽ ദേശീയ ഗാനം എന്ന ക്രമം പാലിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.
ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കുമ്പോൾ യഥാർത്ഥ വരികൾ, ശരിയായ ലിപി, കൃത്യമായ ഉച്ചാരണം എന്നിവ നിർബന്ധമായും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനാവശ്യമായ ഔദ്യോഗിക വരികളും ഉച്ചാരണ മാർഗനിർദേശങ്ങളും മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
ഏത് സാഹചര്യങ്ങളിലാണ് ദേശീയ ഗീതവും ദേശീയ ഗാനവും നിർബന്ധമായും ആലപിക്കേണ്ടതെന്ന് വിശദീകരിക്കുന്ന സമഗ്ര മാർഗനിർദേശവും ഉത്തരവിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.