പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശിനിയായ ജാൻസിക്കാണ് ഭർത്താവ് ബിജുവിൻ്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബവഴക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയിൽ കാത്തുനിന്ന ബിജു ആക്രമണം നടത്തിയത്.
തുട, മുതുക്, ഇരുകൈകൾ എന്നിവിടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ ജാൻസി ചികിത്സയിലാണ്. സംഭവശേഷം രക്ഷപ്പെട്ട ബിജുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.