നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പായി എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. തിരുവനന്തപുരം മുതൽ കാസർഗോഡു വരെ നടത്തുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രിക്കൊപ്പം എല്ലാ മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാനുള്ള നീക്കം നടത്തുന്നതിന്റെ ഭാഗമാണ് കേരള യാത്ര. എൽഡിഎഫ് കേന്ദ്രസർക്കാരിനെതിരെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ തൊഴിൽ നയങ്ങൾക്കെതിരെയുള്ള സമരപ്രഖ്യാപനം ജനുവരി 12ന് തിരുവനന്തപരുത്ത് നടത്തും.
മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക, ജനങ്ങളിലേക്ക് കൂടുതൽ അടുക്കുക എന്നതാണ് കേരള യാത്രയിലൂടെ ലക്ഷ്യമിടുന്നത്.