വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ എഐവൈഎഫ് എടക്കര പോലീസിൽ പരാതി നൽകി. എഐവൈഎഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്. മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.
മലപ്പുറത്ത് ഈഴവ സമുദായ അംഗങ്ങൾക്ക് ഇവിടെ സ്വതന്ത്രമായ വായുപോലും ലഭിക്കില്ല. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായ അംഗങ്ങൾ മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളിൽ ഭയന്നുവിറച്ചാണ് ക ഴിയുന്നത്. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി.
സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.