ഏഷ്യൻ പാരാ ഗെയിംസിൻ്റെ ആദ്യ ദിനത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യ. അത്ലറ്റിക്സിലും ഷൂട്ടിങ്ങിലുമായി നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
പുരുഷന്മാരുടെ ടി47 ലോങ് ജംപിൽ നിഷാദ് കുമാറും വനിതകളുടെ 1500 മീറ്റർ ടി12/13 വിഭാഗത്തിൽ സൗമ്യയും സ്വർണം നേടി. പുരുഷന്മാരുടെ എഫ്46 ജാവലിൻ ത്രോയിൽ അവസാന ശ്രമത്തിൽ 65.11 മീറ്റർ എറിഞ്ഞാണ് റിങ്കു സ്വർണം സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച്1 വിഭാഗത്തിൽ മോണ അഗർവാളും സ്വർണം നേടി.
അജീത് സിങ്, രാധ വെങ്കടേഷ്, കോകില, രവി ബുഡിഗിന, അവനി ലേഖറ എന്നിവർ വെള്ളിയും കപിൽ പർമാർ, രവന്നി വലസനൈനി എന്നിവർ വെങ്കലവും നേടി. പാരാ ടേബിൾ ടെന്നീസിൽ സെമിയിലെത്തിയ ഭവിന പട്ടേലും ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ചു.
അതേസമയം, നീന്തലിൽ ഇന്ത്യയ്ക്ക് നിരാശയായി. പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്10 ഫൈനലിൽ കപിൽ കുമാർ നാലാം സ്ഥാനത്തും അജയ് ഹിന്ദുറാവു ഭോസലെ ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.