ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വർണ മെഡൽ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടും. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ വെറും 45 റൺസിന് പുറത്താക്കി ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.
എന്നാൽ നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിന് മഴ തടസ്സമാകുമോയെന്ന ആശങ്കയിലാണ് ആരാധകർ. ശനിയാഴ്ച രാവിലെ മഴയ്ക്ക് 62 ശതമാനം വരെ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയോടെ മഴസാധ്യത 25 ശതമാനമായി കുറയുമെങ്കിലും ആകാശം മേഘാവൃതമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2023ൽ ചൈനയിലെ ഹാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ മഴയെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം പൂർത്തിയാക്കാനായിരുന്നില്ല. അന്ന് ഐസിസി ടി20 റാങ്കിങ്ങിലെ മുൻതൂക്കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ച് സ്വർണം നൽകിയത്. എന്നാൽ ഇത്തവണ നിയമത്തിൽ മാറ്റമുണ്ട്. മഴയെ തുടർന്ന് ഫൈനൽ ഉപേക്ഷിക്കേണ്ടിവന്നാൽ ഇന്ത്യയും പാകിസ്ഥാനും സ്വർണ മെഡൽ പങ്കിടും.