നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. മേഖലാ ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പൊലീസ് എത്തിയതറിഞ്ഞ് അപ്പാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടാൻ അർജുൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇയാളോടൊപ്പം സുഹൃത്തായ മറ്റൊരാളും സ്ഥലത്തുണ്ടായിരുന്നു. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോകും.

കോതമംഗലത്തിന് സമീപത്തെ റിസോർട്ടിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തെ തുടർന്ന് അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ കേസിലെ റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയെന്ന പരാതിയിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയും പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടികൾ തുടർന്നതോടെയാണ് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയത്. ഒടുവിൽ കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts