മലയാളികളുടെ പ്രിയതാരമായ നിവിൻ പോളിയുടെ തിരിച്ചുവരവായി ശ്രദ്ധ നേടുകയാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിവിൻ, ‘തട്ടത്തിൻ മറയത്ത്’, ‘പ്രേമം’, ‘ഓം ശാന്തി ഓശാന’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

ഒരു ഘട്ടത്തിൽ താരത്തിൻ്റെ പഴയ പ്രതാപം നഷ്ടപ്പെട്ടുവെന്ന തോന്നൽ ആരാധകർക്കിടയിൽ ഉണ്ടായിരുന്നെങ്കിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ പഴയ നിവിനെ തിരിച്ചുകിട്ടിയെന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരത്തിൻ്റെ അഭിനയവും കഥാപാത്രത്തിൻ്റെ അവതരണവും ആരാധകർ ഏറ്റെടുത്തതോടെ ചിത്രത്തിന് കേരളത്തിലും വിദേശത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനിടെ ചിത്രത്തിൻ്റെ തമിഴ് പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിലെത്തി. തമിഴ്നാട്ടിലുടനീളം 200ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ മലയാള സിനിമകൾക്ക് തമിഴ് പ്രേക്ഷകർ നൽകിയ സ്വീകാര്യത ‘ബെത്‌ലഹേം കുടുംബ യൂണിറ്റിനും’ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പും ഇന്ന് തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. മലയാളത്തിന് പിന്നാലെ മറ്റ് ഭാഷകളിലും ചിത്രം പ്രേക്ഷകരെ സ്വന്തമാക്കുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.

Related Posts