മലയാളി ലോംഗ് ജംപ് താരം അൻസി സോജൻ ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രമെഴുതി. ഭുവനേശ്വറിൽ നടന്ന അന്തർസംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ചാടി, 22 വർഷമായി അഞ്ജു ബോബി ജോർജിൻ്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡ് അൻസി മറികടന്നു. ഇതോടെ ദേശീയ കിരീടവും ഏഷ്യൻ ഗെയിംസ് യോഗ്യതയും അൻസി സ്വന്തമാക്കി.
2004-ലെ ഏതൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് 6.83 മീറ്റർ ചാടി സ്ഥാപിച്ച റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്. അന്ന് ഒളിമ്പിക്സ് ലോംഗ് ജംപ് ഫൈനലിൽ അഞ്ചാം സ്ഥാനം നേടിയാണ് അഞ്ജു ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച അൻസി ആദ്യ ശ്രമത്തിൽ തന്നെ 6.73 മീറ്റർ ചാടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റർ എന്ന ചരിത്രദൂരം പിന്നിട്ട് ദേശീയ റെക്കോർഡ് സ്വന്തമാക്കിയത്. അവസാന ശ്രമത്തിൽ 6.69 മീറ്ററാണ് താരം ചാടിയത്.
മത്സരശേഷം പ്രതികരിച്ച അൻസി, ഫൗൾ ജമ്പുകൾ ഒഴിവാക്കി മത്സരം പൂർത്തിയാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യമെന്നും അതിലൂടെ മികച്ച ദൂരം കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹോർമോൺ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ, ശരീരഭാരം നിയന്ത്രിക്കൽ, കഠിന പരിശീലനം എന്നിവയിലൂടെ കടന്നുപോയ ശേഷമാണ് ഈ നേട്ടമെന്നും താരം വ്യക്തമാക്കി. പരിശീലകൻ അനൂപ് ജോസഫിൻ്റെ മാർഗനിർദേശവും കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന കരുത്തെന്നും അൻസി കൂട്ടിച്ചേർത്തു.