അഞ്ചുപേർക്ക് പുതുജീവനേകി കിളിമാനൂർ സ്വദേശി ജിജിൻ മടങ്ങി. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ജിജിൻ മരണശേഷവും 5 പേരിലൂടെ ജീവിതത്തിലേക്കാണ് മടങ്ങിയെത്തിയത്. കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കുമായ ജിജിൻ്റെ (28) അവയവങ്ങൾ ദാനം ചെയ്തു. ഞായറാഴ്ച പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വെച്ചാണ് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടത്.
ഗുരുതരമായി പരിക്കേറ്റ ജിജിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ ജിജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിജിൻ്റെ വേർപാടിലും മറ്റുള്ളവർക്ക് തണലാകണമെന്ന കുടുംബത്തിന്റെ ഉറച്ച തീരുമാനം അവയവദാനത്തിലേക്ക് നയിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയവും കരൾ കിംസ് ആശുപത്രിയിലെ തന്നെ മറ്റൊരു രോഗിക്കും നൽകി. വൃക്കകൾ മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും, കാഴ്ചയില്ലാത്ത രണ്ട് വ്യക്തികൾക്ക് പുതുവെളിച്ചമേകും ജിജിൻ്റെ നേത്രപടലങ്ങൾ. മെഡിക്കൽ കോളേജിൽ നിന്നും അവയവങ്ങൾ കൃത്യസമയത്ത് കിംസ് ആശുപത്രിയിൽ എത്തിക്കുന്നതിനായി പോലീസ് ‘ഗ്രീൻ ചാനൽ’ സംവിധാനം ഒരുക്കിയിരുന്നു.