അവധിക്കാലം ആഘോഷിക്കാന്‍ അപ്പൂപ്പൻ്റെ വീട്ടില്‍ വന്ന നാലരവയസ്സുകാരി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിൻ്റെയും രശ്മിയുടെയും നാലരവയസ്സുള്ള മകള്‍ അക്ഷിക (കല്യാണി)യാണ് മരിച്ചത്. തിങ്കളാഴ്ച ആദ്യമായി പള്ളിക്കല്‍ എന്‍എസ്എസ് എല്‍പി സ്‌കൂളില്‍ എല്‍കെജി യിൽ പോകാനിരിക്കെയാണ് ദുരന്തം. അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും അടുത്ത് ചവറ പന്മന വടുതല തളിയാഴ്ചവീട്ടില്‍ ഒന്നരമാസം മുന്‍പാണ് അക്ഷിക എത്തിയത്.
വീടിനു സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി ഞായറാഴ്ച വൈകീട്ട് കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടിവരുന്നതിനിടെയാണ് അപകടം. സ്ലാബില്ലാത്ത ഭാഗത്തുവെച്ച് കാല്‍വഴുതി ഓടയില്‍ വീണ് ഒഴുകിപ്പോകുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ഓടയിലിറങ്ങി തിരച്ചില്‍ നടത്തി. കുട്ടിയെ മൂന്നൂറുമീറ്റര്‍ അകലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.