കർണാടക രാജ്യോത്സവത്തിൻ്റെയും ശിശുദിനത്തിൻ്റെയും ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ 11 ദിവസം നീളുന്ന പുഷ്പമേള സംഘടിപ്പിക്കുന്നു. നവംബർ 25ന് ആരംഭിക്കുന്ന മേള സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിൻ്റെ നേതൃത്വത്തിലാണ് നടത്തുന്നത്.
കഴിഞ്ഞ വർഷം ആദ്യമായി കബ്ബൺ പാർക്കിൽ സംഘടിപ്പിച്ച പുഷ്പമേളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 11 ദിവസത്തിനിടെ ആറ് ലക്ഷത്തിലധികം പേരാണ് മേള സന്ദർശിച്ചത്. സ്കൂൾ വിദ്യാർഥികളുടെ വലിയ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. കബ്ബൺ പാർക്കിൽ സംഘടിപ്പിച്ച ആദ്യത്തെ വലിയ തോതിലുള്ള പരിപാടിയെന്ന പ്രത്യേകതയും കഴിഞ്ഞ വർഷത്തെ പുഷ്പമേളയ്ക്കുണ്ടായിരുന്നു.
ഈ വർഷത്തെ പുഷ്പമേളയുടെ പ്രമേയം ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. സാൽവിയ, ജമന്തി, പെറ്റൂണിയ, തോറേനിയം, ക്രിസാന്തമം, ജർബറ തുടങ്ങി വിവിധ ഇനങ്ങളിലായി ഒരു ലക്ഷം പൂച്ചട്ടികളാണ് വകുപ്പ് ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്കായി വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ ഭക്ഷണശാലകൾ, കരകൗശല ഉൽപ്പന്നങ്ങളുടെ സ്റ്റാളുകൾ, നഴ്സറികൾ എന്നിവയും ഒരുക്കും.
കഴിഞ്ഞ വർഷത്തെ മേളയിൽ പച്ചക്കറികൾ ഉപയോഗിച്ച് നിർമിച്ച കൂറ്റൻ ആനയുടെ രൂപം, പൂക്കൾകൊണ്ട് ഒരുക്കിയ ഹംപിയിലെ ശിലാരഥത്തിൻ്റെ മാതൃക, കർണാടകയുടെ പുഷ്പഭൂപടം, വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും പുഷ്പരൂപങ്ങൾ എന്നിവ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇത്തവണയും വർണാഭമായ പുഷ്പക്കാഴ്ചകളുമായി സന്ദർശകരെ ആകർഷിക്കാനാണ് ഹോർട്ടികൾച്ചർ വകുപ്പിൻ്റെ ലക്ഷ്യം.