ഫിലിം സിറ്റി പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഇമ്മാവിൽ തുടക്കം. ഫിലിം സിറ്റി പദ്ധതിക്കായി കണ്ടെത്തിയ 160 ഏക്കർ സ്ഥലത്ത് 110 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം ചുറ്റുമതിൽ നിർമ്മി പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. 7.10 കോടി രൂപ ചെലവിൽ, 3.6 കിലോമീറ്റർ നീളമുള്ള ചുറ്റുമതിലാണ് നിർമ്മിക്കുന്നത്. അഞ്ച് അടി ഉയരമുള്ള മതിലിന് മുകളിൽ ഒന്നര അടിയിൽ സോളാർ വേലിയും സ്ഥാപിക്കും.

7 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് കരാറുകാരന് നൽകിയ നിർദേശം. പദ്ധതിക്കായി കണ്ടെത്തിയ ബാക്കിയുള്ള 50 ഏക്കർ ഭൂമി പിന്നീട് ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കും. ഫിലിം സിറ്റിയുടെ അതിർത്തി ജോലികൾ പൂർത്തിയായിക്കഴിഞ്ഞാൽ തറക്കല്ലിടൽ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ്’അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ സിദ്ധരാജു പറഞ്ഞു. സംസ്ഥാന സർക്കാർ 2024-25 ബജറ്റിൽ ഫിലിം സിറ്റിക്കായി ഫണ്ട് നീക്കിവെച്ചിരുന്നു.

160 ഏക്കർ സ്ഥലം കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെൻറ് ബോർഡ് (കെ.ഐ.എ.ഡി.ബി), ജില്ല ഭരണകൂടം, റവന്യൂ വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ ഏകോപിത ശ്രമത്തിൻ ഫലമായാണ് കണ്ടെത്തിയത്. അതിൽ 110 ഏക്കറാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. മൈസൂരു ഫിലിംസിറ്റി മൈസൂരു സ്വദേശിയായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വപ്‌ന പദ്ധതികൂടിയാണ്. മുമ്പ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ പദ്ധതി രാമനഗര ജില്ലയിൽ നടപ്പാക്കാൻ ആലോചിച്ചിരുന്നു. കനക്‌പുര മേഖലയിൽ ഫിലിം സിറ്റി കൊണ്ടുവരാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശ്രമിച്ചിരുന്നു.

Related Posts