ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 42കാരിയായ വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മിയാണ് മരിച്ചത്. ചികിത്സയ്ക്കിടെയുണ്ടായ ശസ്ത്രക്രിയാ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ചികിത്സയിലോ ശസ്ത്രക്രിയയിലോ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് വെൺമണിയിലെ സഞ്ജീവനി ആശുപത്രി അധികൃതരുടെ വിശദീകരണം.

തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 16നാണ് ഉദയലക്ഷ്മിക്ക് ശസ്ത്രക്രിയ നടത്തിയത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തതിന് പിന്നാലെ ശ്വസനം സുഗമമാക്കുന്നതിനായി ട്രാക്കിയോസ്റ്റമി ചെയ്യാൻ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തീരുമാനിച്ചു.

നടപടിക്രമത്തിന് പിന്നാലെ ഒരു മണിയോടെ ഉദയലക്ഷ്മി മരണപ്പെടുകയായിരുന്നു. ട്രാക്കിയോസ്റ്റമിക്ക് തൊട്ടുമുമ്പ് വരെ സംസാരിക്കുകയും സാധാരണ നിലയിൽ പെരുമാറുകയും ചെയ്തിരുന്ന രോഗി പെട്ടെന്ന് മരിച്ചതാണ് ബന്ധുക്കളിൽ സംശയത്തിനിടയാക്കിയത്. സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിലാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Related Posts