ഗുണ്ടാസംഘങ്ങളുമായും കാപ്പ കേസ് പ്രതികളുമായും നിയമവിരുദ്ധ ബന്ധം പുലർത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവല്ല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സിപിഒ നിഷാന്ത് പി.ചന്ദ്രനെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.
കാപ്പ കേസ് പ്രതികളുമായി ചട്ടങ്ങൾ ലംഘിച്ച് നിരന്തരം സമ്പർക്കം പുലർത്തിയതാണ് ഉദ്യോഗസ്ഥനെതിരായ പ്രധാന കുറ്റം. പോലീസിൻ്റെ അന്തസ്സിനും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടതായും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ഉദ്യോഗസ്ഥനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം നടത്തുകയും കുറ്റം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർവീസിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചത്. പോലീസ് സേനയ്ക്കുള്ളിലെ അഴിമതിയും ക്രിമിനൽ സംഘങ്ങളുമായുള്ള നിയമവിരുദ്ധ ബന്ധങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് നടപടിയിലൂടെ ജില്ലാ പോലീസ് മേധാവി നൽകിയിരിക്കുന്നത്.