മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. മല്‍പിടിത്തത്തിന്‍റെ പാടുകള്‍ സീതയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലും വ്യക്തമായി. ഭർത്താവായ ബിനു (48) പോലീസിൻ്റെ നിരീക്ഷണത്തിലാണ്. സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.

സീതയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. വനം വകുപ്പിൻ്റെ താത്കാലിക ജീവനക്കാരനാണ് ബിനു. ബിനു തന്നെയാണ് ഭാര്യ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വനപാലകരെ അറിയിച്ചത്. പുളി, തേൻ, കാട്ടുപത്രി തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഭാര്യ സീതയും മക്കളായ സജുമോൻ,അജിമോൻ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും അവിടെ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്.

നാലുപേരും വെള്ളിയാഴ്‌ച രാവിലെ ഒൻപതോടെ വാസസ്ഥലമായ തോട്ടാപ്പുരയിൽ നിന്ന് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടികളാണ് ഫോൺ വിളിച്ച് അപകടവിവരം ആദ്യം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളിൽ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചശേഷമാണ് സീത മരിച്ചത്.

Related Posts